Search This Blog

Sunday 21 February 2016


പമ്പാനദിയുടെ തിരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ വരവൂർനാടിന്റെ ഹൃദയമായി പരിലസിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ വരവൂർ
ഏതൊരു വിദ്യാലയത്തിന്റെയും പിറവിക്കുപിന്നിൽ വിജ്ഞാനദാഹികളായ സേവനതത്പരരായ ഒരു സമൂഹത്തിന്റെ ആശ്രാന്ത പരിശ്രമമുണ്ട്.
അതിരില്ലാത്ത ആശയങ്ങൾ സമ്മാനിക്കുന്ന നവ്യാനുഭവവേദിയായി മാറിക്കൊണ്ടിരിക്കുകയാണ് വരവൂർ യു പി സ്കൂൾ. പൊതുവിദ്യാലയത്തിന്റെ നിലനിൽപ്പ് അവിടത്തെ സാധാരണക്കാരായ ജനങ്ങളുടെ നിരന്തര സമ്പർക്കത്തിലൂടെ മാത്രമേ സാധിക്കൂ.
ഓരോ അദ്ധ്യനവർഷാരംഭത്തിലും കുട്ടികളുടെ കുറവ് ഇവിടെ നന്നേ അനുഭവപ്പെടുന്നുണ്ട്. എന്നാൽ പൊതുവിദ്യാലയങ്ങളുടെ നേട്ടം, അവിടെ കുട്ടികൾ അനുഭവിക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത ഇവ സാമാന്യജനങ്ങൾക്കു ബോധ്യപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സത്യം ഉൾക്കൊണ്ടുകൊണ്ട്, 2015 - 16 അദ്ധ്യനവർഷത്തിൽ വരവൂർ ഗവൺമെന്റ് യു പി എസിൽ മികവുമായി ബന്ധപ്പെട്ട്, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി അനേകം പ്രവർത്തനങ്ങൾ നടത്തി. സമൂഹവുമായി ബന്ധമില്ലാതെ നടത്തുന്ന കാര്യങ്ങൾ വെറും ജലരേഖയാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. ഓരോ പ്രവർത്തനവും ജനങ്ങളുടെ പൂർണ്ണപിന്തുണയോടെ ചെയ്യാൻ തീരുമാനിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും, ഞങ്ങളുടെ സ്കൂളിൽനിന്നും മികവായി തിരഞ്ഞെടുത്തിരിക്കുന്നത് "സാമൂഹ്യപങ്കാളിത്തം" എന്ന മേഖലയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട്  കർമ്മ പരിപാടികളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. സാമൂഹ്യ പങ്കാളിത്തത്തോടുകൂടി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കുതകുന്ന രീതിയിലാണ് പ്രവർത്തനങ്ങളുടെ ആസൂത്രണം. അവ :-
  1. ക്ലാസ്സ് പച്ചക്കറിത്തോട്ടം
  2. വനവൽക്കരണം - നക്ഷത്രവനം
  3. ഊർജ്ജസംരക്ഷണ സെമിനാർ
  4. കായിക പരിശീലനം
  5. റോഡ് സുരക്ഷ
  6. ചിത്രകലാപഠനം
  7. സർഗ്ഗവേള
  8. മെച്ചപ്പെട്ട ഓണാഘോഷം - നാടിന്റെ ഉൽസവം
  9. ശുചിത്വപ്രവർത്തനങ്ങൾ
  10. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക് (കൗൺസലിങ്ങ് ക്ലാസ്സ്)
  11. സാന്ത്വനസ്പർശം
  12. ആരോഗ്യസെമിനാർ
ഈ പ്രവർത്തനങ്ങൾ വരും കാലത്തേയ്ക്ക് തീർച്ചയായും ഞങ്ങൾക്ക് ഒരു പ്രചോദനമാണ്. ഇതിനായി പ്രവർത്തിച്ച എല്ലാവരും തികച്ചും ശ്ലാഖനീയരാണ്.




മെട്രിക് മേള

2016 ജനുവരി 27 തിങ്കളാഴ്ച്ച , വരവൂർ ഗവ: യു പി സ്കൂളിൽ മികവുൽസവവും മെട്രിക് മേളയും ഫുഡ് ഫെസ്റ്റും നടന്നു. വരവൂർ വാർഡ് മെംബർ ശ്രീമതി അനിത ഉൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. യോഗത്തിൽ ഡോ: ഉഷ പുതുമന മുഖ്യപ്രഭാഷണം നടത്തി. മൂന്നു വിഭാഗമായാണു പരിപാടി നടന്നത്. അളവുകളും തൂക്കങ്ങളും അടിസ്ഥാനമാക്കി വിവിധ പ്രദർശനവസ്തുക്കൾ അണിനിരത്തിയ മെട്രിക് മേള, സ്കൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച മികവുമേള, കുടുംബശ്രീയുടെയും പി റ്റി എയുടെയും സഹകരണത്തോടെ നടത്തിയ ഫുഡ് ഫെസ്റ്റ് (ഭക്ഷ്യമേള) എന്നിവ പൊതുജനപങ്കാളിത്തം കൊണ്ടു മികച്ചതായി. വരവൂരിന്റെ സ്വന്തം മേളയായി മാറി ഈ പരിപാടി.

No comments:

Post a Comment